യുക്തി സഹജങ്ങളായ വ്യാഖ്യാനങ്ങളാൽ അദ്വൈത തത്വങ്ങളെ ഖണ്ഡിച്ചു കൊണ്ട് നിരവധി പണ്ഡിതന്മാരെ തോൽപ്പിച്ച്, മായാവാദത്തെ ഖണ്ഡിക്കുന്ന മായാവാദ ഖണ്ഡനം എന്ന ഗ്രന്ഥം രചിച്ച്, വേദവ്യാസ ഭഗവാനെ തൻറെ ഗുരുവായി അംഗീകരിച്ച്, ബ്രഹ്മസൂത്രത്തിൻറെ ശരിയായ അർത്ഥം തൻറെ മുന്നിൽ പ്രത്യക്ഷപെട്ട വേദവ്യാസ ഭഗവാനിൽ നിന്ന് തന്നെ മനസ്സിലാക്കി, തൻറെ കാലത്തുണ്ടായിരുന്ന പല അന്ധവിശ്വാസങ്ങളെയും തിരുത്തി, ഉപനിഷത്തുക്കളെക്കുറിച്ച് ആധികാരികമായി ഭാഷ്യങ്ങൾ തയ്യാറാക്കി, ഗീതാഭാഷ്യവും ദളോപനിഷദ് ഭാഷ്യങ്ങളും രചിച്ച്, ശ്രീ കൃഷ്ണൻ സ്വയം സൃഷ്ടിച്ച ശ്രീകൃഷ്ണ വിഗ്രഹത്തെ സമ്പാദിച്ച് ഉടുപിയിൽ പ്രതിഷ്ഠിച്ച്, അഷ്ടമഠങ്ങൾ സ്ഥാപിച്ച്, ദ്വൈതസിദ്ദാന്തത്തിന്റെ ഉപജ്ഞാതാവായി, ദ്വൈതസിദ്ധാന്തത്തെ ജനങ്ങലിലെത്തിച്ച്, ഭാരതത്തിലെ ഏറ്റവും കൂടുതൽ സ്വാധീനശക്തിയുള്ള ദൈവശാസ്ത്ര പണ്ഡിതനായി, മൂന്നു പ്രാവശ്യം ഭാരത പര്യടനം നടത്തി, എഴുപതാം വയസ്സിലും ഊർജ്ജസ്വലനായി തൻറെ പ്രവർത്തനങ്ങളുമായി മുന്നോട്ട് സഞ്ചരിച്ചുകൊണ്ട്, നിരവധി പുരുഷായുസ്സുകളിൽകൂടി മാത്രം പ്രാവർത്തികമാക്കുവാൻ കഴിയുന്ന കാര്യങ്ങൾ ഈ ലോകത്തോട് വിട പറഞ്ഞ എഴുപത്തി ഒൻപതാം വയസ്സിനകം ചെയ്തു തീർത്ത്, അതിമാനുഷനും ഈശ്വര ചൈതന്യതിനുടമയുമാണ് താൻ എന്ന് തെളിയിച്ച മഹാഗുരുവാണ് ശ്രീ മാധ്വാചാര്യർ.
മധ്വാചാര്യരുടെ ചിന്താസരണിയെ തത്വവാദം എന്നും ദ്വൈതമതമെന്നും വിളിക്കുന്നു. പരമാത്മാവും (ദൈവവും) ജീവാത്മാവും (ജീവനും) തമ്മിലുള്ള വ്യത്യാസത്തെ അടിവരയിട്ടു പ്രഖ്യാപിക്കുന്ന തത്വസംഹിതയാണ് ദ്വൈതസിദ്ധാന്തം. അദ്ദേഹം നമ്മുടെ മുൻപിൽ അവതരിപ്പിക്കുന്ന ചോദ്യം മനുഷ്യനെങ്ങനെ ദൈവമാകാൻ പറ്റും? ഇരുട്ടിനെങ്ങനെ പ്രകാശവുമായി താദാത്മ്യം പ്രാപിക്കാൻ കഴിയും?
അതുകൊണ്ട് ദൈവവും ജീവനും ഒന്നല്ല, ദൈവവും പദാർത്ഥവും ഒന്നല്ല, ഒരു ജീവനും മറ്റൊരു ജീവനും ഒന്നല്ല, ജീവനും പദാർത്ഥവും ഒന്നല്ല, ഒരു പദാർത്ഥവും മറ്റൊന്നും ഒന്നല്ല, മായാവാദങ്ങൾ മിദ്യയാണ്, ലോകം യാദാർത്ഥ്യമാണ്. മനുഷ്യൻറെ കർമ്മവും ചിന്തയും പ്രേമവുമാണ് സുഖസമ്പാദനത്തിനുള്ള മാർഗ്ഗങ്ങൾ. ധാർമ്മിക പ്രവർത്തിയാലും ശുദ്ധമായ ആരാധനയാലും ഉണ്ടാകുന്ന ദൈവാനുഗ്രഹത്താൽ പരമാനന്ദമായ ദൈവ സാന്നിദ്ധ്യം സാധ്യമാകും. യഥാർത്ഥമായ ജ്ഞാനത്തിൻറെ ഉറവിടങ്ങൾ ശാസ്ത്രം, യുക്തി വിചാരം, അവബോധം എന്നിവയാണ്.
തികച്ചും പ്രായോഗികം എന്നു തോന്നുന്ന തത്വസംഹിതയാണ് മാധ്വാചാര്യർ ദ്വൈതസിദ്ധാന്തത്തിൽ കൂടി പ്രചരിപ്പിച്ചത്.
ദ്വൈത - അദ്വൈത തത്വങ്ങളുടെ വ്യത്യാസമിതാണ്. അദ്വൈതം പ്രതിപാദിക്കുന്നത് മൗലികമായി ജീവാത്മാവും പരമാത്മാവും ഒന്നു തന്നെ. ഈ ലോകം മിഥ്യയാണ്. മനുഷ്യന്റെ പ്രവർത്തികളും വികാരങ്ങളും തെറ്റായ തോന്നലുകളാണ്. എപ്പോൾ ആത്മാവ് മിഥ്യാബോധത്തിൽ നിന്ന് സ്വതന്ത്രമാകുന്നുവോ അന്ന് അത് സർവ്വവ്യാപിയായ പ്രജ്ഞയിൽ ലയിച്ചു ചേരുന്നു.
എന്നാൽ ദ്വൈതസിദ്ധാന്തം പ്രതിപാദിക്കുന്നതിങ്ങനെയും - ഈ ലോകത്ത് ദുഃഖങ്ങൾ അനുഭവിക്കുന്ന സാധാരണ ആത്മാവും എല്ലാം അറിയുന്ന സർവ്വ ശക്തനായ ദൈവവും തമ്മിൽ സ്വാഭാവികമായ വ്യത്യാസങ്ങൾ ഉണ്ട്. ഈ ലോകം യാഥാർത്യമാണ്. ഈ ലോകത്തെ സൃഷ്ടിച്ച ദൈവവും യാഥാർത്യമാണ്. ഈ ലോകം യാഥാർത്യമാണ് എന്ന ചിന്ത പ്രവർത്തികളിൽ നിന്നും ഒളിച്ചോടാനുള്ള നമ്മുടെ പ്രവണതയെ തടയുന്നു. മാത്രമല്ല അത് നമ്മുടെ ചുമതലകളെ ആത്മാർത്തതയോടെ നിർവഹിക്കുന്നതിന് പ്രേരിപ്പിക്കുന്നു. കൂടാതെ ദൈവത്തിൻറെ പരമാധികാരത്തെ സ്ഥാപിച്ചെടുക്കുകയും ഭക്തിയിലേക്കുള്ള മാർഗ്ഗം ചൂണ്ടിക്കാണിക്കുകയും, ദൈവത്തിൻറെ സർവ്വവ്യാപകത്വത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുകയും നമ്മളിൽ ധർമ്മബോധം ദൃഡപ്പെടുത്തേണ്ടത്തിൻറെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.
(യമുന സെന്റർ ഫോർ ഡെവലപ്പ്മെൻറ് ഓഫ് തുളു ലാംഗ്വേജ് പ്രസിദ്ധീകരണത്തിൽ നിന്ന്)